main

നോർവേയിലേയ്ക്കൊരു കപ്പൽ യാത്ര 1

വെബ് ടീം | | 4 minutes Read

3346-1657190972-1

ടോം കുളങ്ങര

യൂറോപ്പിൽ സമ്മർ എത്തിയതോടെ രാത്രികളുടെ നീളം കുറഞ്ഞു. പകലുകൾക്കോ നീളം കൂടി. സമ്മറിന്റെ ആദ്യവാരമായ ജൂൺ 25. സമയം അതിരാവിലെ 5.15. സ്ഥലം സ്വിറ്റ്സർലണ്ടിലെ സൂറിക്ക് വിമാനത്താവളം. നാൽപത് മലയാളികൾ കൂട്ടം കൂടി നിൽക്കുന്നു. ആ നാല്പതുപേർ പൂമരം കൊണ്ട് കപ്പലുണ്ടാക്കാൻ വന്നവരല്ല.

കപ്പലിൽ കയറാൻ വന്നവരാണ്. ETT ഹോളിഡേയ്സ് സംഘടിപ്പിച്ച MSC യുടെ Cruise ൽ ഒരാഴ്ചത്തെ അവധി ആഘോഷിക്കുവാൻ പോകുന്നവരാണ്. ജർമ്മനിയിലെ കീൽ തുറമുഖനഗരത്തിൽ നിന്നാണ് ആഢംബരനൗക പാതിരാ സൂര്യന്റെ നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്നത്.

കോറണയുടെ പിടി അയഞ്ഞതും മാസ്കിന്റെ പിടി മാറ്റിയതും, തെളിഞ്ഞ കാലാവസ്ഥയും, ഒക്കെക്കൂടി ഒത്തു വന്നപ്പോൾ വലിയപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നപോലെയായി. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ ബാഗും തൂക്കി നിൽക്കുന്ന യാത്രക്കാർ മാത്രം. ജീവിതം ഒരു യാത്ര ആയതുകൊണ്ടാകാം മുടങ്ങിയ യാത്രകളൊക്കെ ജിവിതമാണെന്ന തിരിച്ചറിവ് മനുഷ്യർക്ക് ഉണ്ടായത്.

3346-1657190953-2

തളർന്നുപോയ ടൂറിസം, വ്യോമയാന മേഖലകൾ വീണ്ടും തളിർക്കുന്നു. പക്ഷേ ഈ മേഖലയിൽ വേല ചെയ്തിരുന്ന നല്ലൊരു പങ്കും അന്നം തേടി മറ്റു മേഖലകളിലേയ്ക്ക് ചേക്കേറി. ജീവനക്കാരുടെ അഭാവം മൂലം പല കൗണ്ടറുകളും അടഞ്ഞു കിടക്കുന്നു. ആഴ്ചാവസാനമായതുകൊണ്ട് വല്ലാത്ത തിരക്ക്.

തുറന്നിരിക്കുന്ന കൗണ്ടറുകളിൽ നീണ്ട ക്യൂ. ഇരുപത് വർഷത്തിലധികമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ സ്വന്തം വർഗ്ഗീസ് ഭായി ഞങ്ങളോടൊപ്പം ഉള്ളപ്പോൾ ഞങ്ങൾ എന്തിന് ക്യൂ നിൽക്കണം.

അദ്ദേഹത്തിന്റെ പരിചയവും സ്വാധീനവും ഉപയോഗിച്ച് ഒരു ബിസിനസ്സ് കൗണ്ടർ തന്നെ ഞങ്ങൾക്ക് മാത്രമായി തുറന്നു തന്നു. വളരെ സുഗമമായി ചെക്ക് ഇൻ കടമ്പ പൂർത്തിയാക്കി ഞങ്ങൾ നേരേ വിമാനത്തിൽ കയറി.

മരുന്നിനുപോലും ഒരു സീറ്റു ഒഴിച്ചിടാതെ നിറയെ യാത്രക്കാരുമായാണ് വിമാനം അരമണിക്കൂർ വൈകി പൊന്തിയത്. വിമാനത്തിൽ നിന്നുള്ള ആകാശകാഴ്ചകളും, ഭൂമിയിലെ ദൂരകാഴ്ചകളും അതി മനോഹരം.

3346-1657191009-3

സമ്മർ സമയമായതുകൊണ്ട് ബാലസൂര്യനാണെങ്കിലും മൂത്ത സൂര്യനെപ്പോലെ കത്തിജ്വലിക്കുന്നു. ആദ്യം തീരുമാനിച്ചിരുന്ന കപ്പൽ റൂട്ട് ഫിൻലാൻഡിലേയ്ക്കും റഷ്യയിലേയ്ക്കുമായിരുന്നു. റഷ്യ എന്ന് കേട്ടയുടനെ മറ്റൊന്നും നോക്കാതെ ചാടി ബുക്ക് ചെയ്ത ഞങ്ങളുടെ സഖാവിന് റൂട്ട് മാറ്റത്തിൽ ചെറു കുണ്ഠിതമുണ്ട്.

യുദ്ധം കാരണം തിരിച്ചു വിട്ട ഞങ്ങളുടെ പുത്തൻ റൂട്ട് ഭൂഗോളത്തിന്റെ വടക്കു നിന്ന് യൂറോപ്യൻ വൻകരയിലേയ്ക്ക് ചാഞ്ഞിറങ്ങിയ സ്കാൻഡിനേവിയൻ ഉപദ്വീപിലെ അതിസമ്പന്നവും ശാന്തസുന്ദരവും സമാധാനത്തിന്റെ കളിത്തൊട്ടിലുമായ നോർവേയാണ്. ഈ രാജ്യത്തിന്റെ വിശേഷങ്ങളും വിശേഷണങ്ങളും പ്രത്യേകതകളും വരും എപ്പിസോഡുകളിൽ കൂടുതൽ വിവരിക്കാം.

3346-1657191014-6


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഒരു മണിക്കൂറും പത്തു മിനിറ്റും കൊണ്ട് ഞങ്ങൾ ജർമ്മനിയിലെ ഹാംബൂർഗിൽ എത്തി. പെട്ടിയും ഉന്തി ഒരു ചെറു ജാഥ കണക്കേ പുറത്തേക്ക് കടന്നു. MSC യുടെ നീലക്കളർ ബസ്സിനൊപ്പം മറ്റൊരു സർപ്രൈസും അവിടെ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

മലയാളത്തിൽ മാത്രല്ല മറ്റുതെന്നിന്ത്യൻ ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്ത ശ്രീ.ബൈജു കൊട്ടാരക്കരയും, ചലചിത്രഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഇരുന്നൂറിലധികം ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച പ്രശസ്ത ഗാനരചയിതാവ് ശ്രീ.റോയ് പുരമഠവും. ഈ രണ്ടു സെലിബ്രിറ്റികൾക്കൊപ്പം ഞങ്ങളും ബസ്സിൽ കീൽ തുറമുഖത്തേക്ക് യാത്ര തിരിച്ചു.

കൊച്ചുവെളുപ്പാൻ കാലത്തേ തന്നെ പുറപ്പെട്ടതുകൊണ്ട് എല്ലാവർക്കും നല്ല വിശപ്പ്. സൂപ്പർ ഹൈവേയ്ക്ക് സമീപം കണ്ട റസ്റ്റോറന്റിൽ ഡ്രൈവർ വണ്ടി നിറുത്തി. അവരവർക്ക് വേണ്ട ആവശ്യ സാധനങ്ങൾ വാങ്ങി തിരിച്ച് വണ്ടിയിൽ കയറി. ഉച്ചയോടെ ഞങ്ങൾ കീൽ തുറമുഖത്തെത്തി.

3346-1657191012-5

ആഢംബരത്തിന്റെ അവസാന വാക്കായ പടുകൂറ്റൻ യാനപാത്രം അതാ അവിടെ കിടക്കുന്നുണ്ട്. മൂന്നോ നാലോ ലുലുമാളിന്റെ വലിപ്പമുള്ള ആ പത്തൊമ്പത് നിലക്കാരി സുന്ദരിയുടെ പേരാണ് ഗ്രാൻഡിയോസാ. ഇനിയാണ് മക്കളേ കഥ തുടങ്ങുന്നത്.

വിമാനത്തിലേതുപോലെ തന്നെ കപ്പലിലെ യാത്രക്കും എല്ലാ പരിശോധനകളും ബാധകമാണ്. ചെക്കിംഗ് എല്ലാം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ കപ്പലുകാർ ബാങ്ക് കാർഡ് പോലെ ഒരു കാർഡ് തന്നു. യാത്രാക്കാരന്റെ സകലവിവരങ്ങളും ആ ക്രൂസ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കപ്പലിൽ കയറാനും ഇറങ്ങാനും മാത്രമല്ല തിന്നാനും കുടിക്കാനും വാങ്ങാനും മുറിയിൽ കയറാനും എന്തിനും ഏതിനും ഈ കാർഡ് ഉണ്ടെങ്കിലേ പറ്റൂ. അതുകൊണ്ട് കാർഡ് പൊന്നുപോലെ സൂക്ഷിക്കണമെന്ന് ജോബിസൻ മുതലാളി പലവുരു ആവർത്തിച്ചു. കാർഡ് തൂക്കാൻ ETT ഹോളിഡേയ്സ് തന്ന വരണമാല്യവും കഴുത്തിൽ അണിഞ്ഞ് ഞങ്ങൾ കപ്പലിലേയ്ക്ക് കടന്നു.

3346-1657191011-4

ആദ്യമായി കപ്പലിൽ കയറിയവർ കപ്പലിലെ ഉൾക്കാഴ്ചകൾ കണ്ട് അന്തം വിട്ടു. എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു ഇത് ചലിക്കുന്ന കൊട്ടാരമോ? അതോ ചലിക്കുന്ന കാവ്യശില്പമോ? സ്വർഗ്ഗത്തിലോ അതോ സങ്കല്പ ഗന്ധർവ്വലോകത്തിലോ? ആ മായാകാഴ്ചകളുടെ മയക്കത്തിൽ നിന്ന് വിശപ്പിന്റെ വിളിയാണ് ഞങ്ങളെ ഉണർത്തിയത്.

പലതരം ഭക്ഷണപാനീയങ്ങളുടെ ഭീമൻ കലവറയായ പതിനഞ്ചാം നിലയിലെ ബുഫേയിലേയ്ക്ക് ആന കരിമ്പിൻ തോട്ടത്തിൽ കയറുന്നപോലെ ഞങ്ങൾ പാഞ്ഞുകയറി. ഇത്രയും വിഭിന്നവും സമ്പുഷ്ടവുമായ ബുഫേയും ഭക്ഷണങ്ങളും മറ്റെവിടേയും കാണില്ല.

മൂക്കു മുട്ടേ ഭക്ഷണം അകത്താക്കിയതിന്റെ ആലസ്യവും. തലേദിവസം മുതലേ തുടങ്ങിയ യാത്രാ മുന്നൊരുക്കത്തിന്റെ ക്ഷീണവുമൊക്കെയായപ്പോൾ അല്പമൊന്ന് മയങ്ങാനായി മുറികളിലേയ്ക്ക് പോയി. ബാറും ബാൽക്കെണിയും അലങ്കാരങ്ങളും ടോയ്ലറ്റുമൊക്കെയുമായി എല്ലാ സെറ്റപ്പോടും കൂടിയ ഭംഗിയുള്ള ഒരു കൊച്ചുമുറി.

അല്പനേര വിശ്രമത്തിനു ശേഷം സ്വല്പം സേവയും നടത്തി ഷിപ്പിലെ ഷോയും കണ്ട്, രാവിൻ തിരുവരങ്ങിൽ സൂര്യകിരീടം വീണുടയുന്നതും നോക്കി രസിച്ച്, എല്ലാരും ഒരുമിച്ച് ഡിന്നറും കഴിച്ച് കുറച്ചുനേരം കൂടി നിലാവിൽ അഴിച്ചു വിട്ട കോഴികളേപ്പോലെ കപ്പലിൽ ചിക്കി ചികഞ്ഞ് ആദ്യരാത്രി ഞങ്ങൾ പൊടിപൂരമാക്കി.

കനം തൂങ്ങുന്ന കണ്ണുകളും, തൊട്ടു മുൻപ് കളിച്ച ഡാൻസിന്റെ ഉറയ്ക്കാത്ത സ്റ്റെപ്പുകളുമായി സ്വന്തം മാളത്തിലേയ്ക്ക് മടങ്ങിയപ്പോൾ ഗ്രാൻഡിയോസാ സുന്ദരിയാകട്ടെ തിരമുറിച്ച് കോപ്പൻഹാഗൻ എന്ന കാമുക തീരം തേടി പായുകയായിരുന്നു. ഏഴ് സുന്ദരരാത്രികൾ അപൂർവ്വ സുന്ദര രാത്രികൾ, വിനോദ തരളിത ഗാത്രികൾ. ഇനി ഞങ്ങൾക്കുള്ളത് ആറ് അത്ഭുത രാത്രികൾ കൂടി. ആ രാത്രികളുടെ വിശേഷങ്ങളുമായി വീണ്ടും വരാം.
A cruise to Norway 1


RELATED

English Summary : A Cruise To Norway 1 in Travel/places

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0158 seconds.