main

നോർവേയിലേക്കൊരു കപ്പൽ യാത്ര - 2

വെബ് ടീം | | 5 minutes Read

3405-1657530218-6

ടോം കുളങ്ങര

Copenhagen

വിനോദയാത്ര എന്നു പറയുമ്പോൾ ആദ്യം മനസ്സിലേയ്ക്ക്‌ ഓടിയെത്തുന്നത്‌ സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മലമ്പുഴ ടൂറിന് പോകാൻ കഴിയാത്ത കദന കഥയാണ്. എല്ലാ വർഷവും ഞങ്ങളുടെ സ്കൂളിൽ നിന്ന് ടൂറുപോകും.

അഞ്ചാംക്ലാസ്സിലോ അതിന് മേലേയുള്ള ക്ലാസ്സിലോ പഠിക്കുന്നവരെ മാത്രമാണ് ടൂറിന് കൊണ്ടുപോകുക. അങ്ങനെ ആറ്റ് നോറ്റിരുന്ന ആദ്യ വിനോദയാത്രയ്ക്കുള്ള അവസരമെത്തി. പതിനഞ്ചുരൂപയാണ് മലമ്പുഴ ടൂറിന് കൊടുക്കേണ്ടത്‌. അമ്മ വഴി കാര്യം അപ്പനെ അറിയിച്ചു. അന്നുമുതൽ നല്ലപിള്ള ചമഞ്ഞു, പണികളൊക്കെ പറയാതെ തന്നെ ചെയ്തു കൊടുത്തു.

വീട്ടുകാര് പറഞ്ഞതെല്ലാം അതേപടി അനുസരിച്ചു. എന്നിട്ടും അപ്പൻ ടൂറിന് വിടില്ലെന്ന് ഒറ്റക്കാലിൽ ഉറച്ചുനിന്നപ്പോൾ നിരാഹരസമരം, മിണ്ടാവ്രതം തുടങ്ങിയ ഗാന്ധിയൻ മാർഗ്ഗങ്ങളും പയറ്റി നോക്കി. ഒന്നും വിജയം കണ്ടില്ല. അത്രയും തുക ഒരു മകന്റെ ടൂറിനു‌വേണ്ടി ചെലവാക്കാൻ മാത്രം പൈസ അപ്പന്റെ കൈയ്യിൽ അന്ന് ഉണ്ടായിരുന്നില്ല. ഒരു ഇടത്തരം കർഷക കുടുംബത്തിനു അന്ന്, അതൊരു വലിയ തുകയായിരുന്നു.

3405-1657530127-1

വീടിനു അടുത്ത് തന്നെയാണ് സ്കൂൾ. ടൂർ ദിവസം രാവിലെ ബസ്സ്‌ വരുന്നതിനു മുൻപേ സ്കൂളിലെത്തി. ടൂറുപോകാനുള്ളവരൊക്കെ വന്ന് തുടങ്ങുന്നതേയുള്ളൂ. കുഷ്യനിട്ട സീറ്റും വാതിലു വച്ച ബസ്സൊന്നും അന്ന് ഞങ്ങളുടെ നാട്ടിലൂടെ ഓടുന്നില്ല. അകത്ത്‌ കേറി കാണനുള്ള കൊതികൊണ്ട് കിളിയോട് ചോദിച്ചു ഉള്ളിലൊന്ന് കേറിക്കോട്ടേ? ഉച്ചത്തിൽ കിളി ചിലച്ചു, സാറു വന്ന് പേരു വിളിച്ച്‌ കേറ്റും വരെ അടങ്ങി നിന്നോണം.

ബസ്സിന് ഉള്ളിരിക്കുന്നവർ, പുറത്ത് നിൽക്കുന്നവർക്ക്‌ റ്റാറ്റായും തന്ന് കൈകൊട്ടി പാട്ടും പാടി മറഞ്ഞപ്പോൾ വല്ലാത്തത്തൊരു വിഷമം, സീതാദേവിയേപ്പോലെ ഭൂമി പിളർന്ന് താഴേയ്ക്ക് പോകുംപോലെ.

പശുവും ചത്തു മോരിലെ പുളിയും പോയി എന്നിട്ടും ‌ ടൂർപോയി വന്നവർ‌ കാഴ്ചബംഗ്ലാവിൽ കണ്ട മൃഗങ്ങളേയും, ഡാമിന്റെ വലിപ്പവും, ബസ്സിന്റെ സ്പീഡും‌, വഴിയോരക്കാഴ്ചകളും പൊടിപ്പും തൊങ്ങലും ചേർത്ത്‌ ആ വർഷം തീരുന്നതുവരെ വിളമ്പലോട്‌ വിളമ്പൽ. അത്തരത്തിൽ ഒരു വിളമ്പലാണ് ഇവിടേയും നടത്താൻ പോകുന്നത്. സാധനം പഴതുതന്നെ കുപ്പി മാത്രം പുതിയത്.

3405-1657530073-3

ജൂൺ 25 ന് കീൽ തുറമുഖം വിട്ട ഞങ്ങളുടെ നൗകസുന്ദരി 26-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് കോപ്പൻഹാനെ കെട്ടിപിടിച്ച് നങ്കൂരമിട്ടു. ഇനി ആ പിടിച്ച പിടി ഗ്രാൻഡിയോസാ സുന്ദരി വൈകിട്ട് 6 മണിക്കേ വിടൂ. അതുവരെ ഞങ്ങൾക്ക് നാട് ചുറ്റാം നഗരം ചുറ്റാം.

പ്രഭാതഭക്ഷണം നന്നായി അടിച്ചിട്ട് 10.30ന് അഞ്ചാമത്തെ ഡക്കിൽ ഇൻഫർമേഷൻ ഡസ്ക്കിന് സമീപം എല്ലാവരും ഒത്തുകൂടമെന്ന് വർഗ്ഗീസ് ഭായി, തലേന്ന് അത്താഴസമയത്ത് ഒന്നുകൂടി എല്ലാവരേയും ഓർമ്മിപ്പിച്ചിരുന്നു. കപ്പലിൽ നിന്ന് പുറത്ത് കടന്നപ്പോൾ ഞങ്ങളെ കാത്ത് ബസ്സും, ഡ്രൈവറും, ഗൈഡും നിൽക്കുന്നുണ്ടായിരുന്നു.

വടക്കെ യൂറോപ്പിൽ സ്കാന്റിനേവിയൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കൊച്ചുകൊച്ചു ഹരിതപാടങ്ങളും, നീലത്തടാകങ്ങളും, വെൺമണൽ നിറഞ്ഞ കടൽത്തീരങ്ങളും കൊണ്ട് അനുഗൃഹീതമായ ഒരു രാജ്യമാണ് ഡെൻമാർക്ക്.

3405-1657530045-4

ഭരണഘടനാനുസൃത രാജവാഴ്ച നിലനിൽക്കുന്ന ഈ രാജ്യം യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയിൽ അംഗമാണ്‌. 2008 ലെ ലോക സമാധാന പട്ടികയിൽ ഡെന്മാർക്കിനാണ് രണ്ടാം സ്ഥാനം. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യളിൽ ഒന്നാണ് ഡെന്മാർക്ക്‌.

ചരിത്രമുറങ്ങുന്ന പട്ടണം ആണ് ഡെൻമാർക്കിന്റെ തലസ്ഥാനനഗരിയായ കോപ്പന്‍ഹാഗന്‍. മനോഹരമായ റോഡുകളും തടാകങ്ങളും കനാലുകളുമായി പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നു. ആദ്യമേ ഞങ്ങളെ കൊണ്ടുപോയത് തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു കടൽക്കരയിലേയ്ക്കാണ്.

അവിടെ ചെറിയ പാര്‍ക്കും, കടലിൽ കരയോട് ചേർന്ന് മത്സ്യകന്യകയുടെ ഒരു പ്രതിമയുമുണ്ട്. ധാരാളം ആളുകൾ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നത് കാണാം. ഈ മത്സ്യ കന്യകയുടെ ശില്‍പം ഡെന്മാര്‍ക്കിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ഒരു വലിയ ആകര്‍ഷണമാണ്.

3405-1657530098-2


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡാനിഷ് എഴുത്തുകാരനായ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൻ എഴുതിയ ഡാനിഷ് സാഹിത്യത്തിലെ ഒരു യക്ഷിക്കഥയാണ് ദി ലിറ്റിൽ മെർമെയ്ഡ്. ഒരു മനുഷ്യാത്മാവിനെ നേടുന്നതിനായി കടലിൽ ഒരു മത്സ്യകന്യകയായി ജീവിക്കാൻ തയ്യാറായ യുവ മത്സ്യകന്യകയുടെ യാത്രയുടെ കഥയാണ് മെർമെയ്ഡ് .

മെർമെയ്ഡ് കണ്ടശേഷം ഞങ്ങളെ പോയത് കടലിനോട് അഭിമുഖമായി നിലകൊള്ളുന്ന അമാലിയൻബോർഗ് കൊട്ടാരവളപ്പിലേയ്ക്കാണ്. കോപ്പന്‍ ഹാഗനില്‍ പോകുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് അമാലിയന്‍ബോര്‍ഗ് കൊട്ടാരം.

നാല് കൊട്ടാരങ്ങള്‍ അടങ്ങിയ അമാലിയന്‍ബോര്‍ഗ് സൗധസമുച്ചയം, 1700 ല്‍ ആണ് നിർമ്മിച്ചത്. ഡാനിഷ് വാസ്തുശില്പ സൗന്ദര്യം കുടികൊള്ളുന്ന ഈ കൊട്ടാരത്തിലാണ് ഡെന്മാര്‍ക്കിലെ റോയല്‍ കുടുംബം താമസിക്കുന്നത്.

കൊട്ടാരത്തിന്റെ പുറം കാഴ്ചകൾ കണ്ട് കഴിഞ്ഞപ്പോൾ ബസ്സ് നഗരത്തിന്റെ ഹൃദയഭാഗങ്ങളിലൂടെ ചുറ്റിക്കറങ്ങാൻ തുടങ്ങി. ഓടുന്ന ബസ്സിലിരുന്ന് നഗരക്കാഴ്ചകൾ കാണാം. ഗൈഡ് മാഡം വാ തോരാതെ ജർമ്മഭാഷയിൽ വിവരച്ചു കൊണ്ടിരിക്കുന്നു. അതിനൊപ്പം ക്യാമറ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിക്കുവാൻ ബസ്സിൽ ബൽറ്റ് ഇട്ട് ഇരിക്കുന്ന എനിക്കാവുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോൾ ഗൈഡ് ഗൈഡിന്റെ പണിയും ഞാൻ എന്റെ പണിയും ചെയ്തു തുടങ്ങി. മനോഹരമായ വീഥികള്‍, പ്രകാശമുള്ള നല്ല കാലാവസ്ഥ. വീഡിയോ പിടിക്കാൻ തക്ക തെളിഞ്ഞ അന്തരീക്ഷം.

ലോകത്തെ ഏറ്റവും സന്തുഷ്ടരും സംതൃപ്തരുമായ ജനങ്ങളാണ് ഡെന്മാർക്കിലുള്ളതെന്ന് രാജ്യാന്തര പഠനങ്ങൾ സൂചിപ്പിക്കുന്നു. യു.എൻ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം രണ്ട് വർഷമായി ലോകത്തിലെ ഏറ്റവും സന്തോഷവാൻമാരായ ജനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് ഡെന്മാർക്കിലെ ജനങ്ങളെയാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരും സംസ്ക്കാര സമ്പന്നരുമാണ് ഡാനിഷ് ജനത.

ന്യൂ ഹാർബർ എന്ന് അർത്ഥം വരുന്ന ഡെന്മാർക്കിലെ കോപ്പൻഹേഗനിലുള്ള നൈഹാവൻ കനാൽയാത്രയുടെ സ്റ്റാർട്ടിംഗ് പോയിന്റാണ്. വളരെ പുരാതനമായ തടി കൊണ്ടുള്ള ബോട്ടുകള്‍ ഇപ്പോഴും ഇവിടെ ഉണ്ട്. കനാലുകളില്‍ ബോട്ടിംഗ് നടത്തുവാൻ തിരക്ക് കൂട്ടുന്ന സഞ്ചാരികളാൽ നിറഞ്ഞു കവിയുന്ന ബോട്ടുകൾ.

കനാലുകള്‍ക്ക് ഇരുവശവും പല നിറത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച പുരാതനമായ കെട്ടിട സമുച്ചയങ്ങൾ, അതിമനോഹരമായ വര്‍ണ്ണോത്സവം സൃഷ്ടിക്കുന്നു. അവിടെ ഞങ്ങളെ ഇറക്കിയിട്ട് ഷോപ്പിംഗിന് താത്പര്യമുള്ളവർ പോകേണ്ട വഴിയും, ഡാനിഷ് ബിയർ രുചിക്കേണ്ടവർക്ക് പേകേണ്ട ഇടങ്ങളും കാട്ടിത്തന്നിട്ട് ഗൈഡുമാഡം അരമണിക്കൂർ സമയം നൽകി.

ഒരുകാലത്ത് കോപ്പൻഹാഗൻ ഏറ്റവും ഗാതഗതക്കുരുക്കേറിയ നഗരമായിരുന്നു. ഇന്നവിടെ ട്രാഫിക് കുരുക്കൾ ഇല്ലെന്നു തന്നെ പറയാം. സൈക്കിൾ ഉപയോഗിക്കുന്നതിൽ കോപ്പൻഹാഗൻ ഇപ്പോൾ പ്രസിദ്ധമാണ്. നഗരത്തിലെ തിരക്ക് കുറയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധിയായിട്ടാണ് ബൈക്കുകളും സൈക്കിളുകളും രംഗത്ത് എത്തിയത്.

കോപ്പൻഹാഗനൈസ് ഡിസൈൻ കമ്പനി എന്ന അർബൻ ഡിസൈൻ കണ്‍സൽട്ടൻസി ലോകത്തിലെ ഏറ്റവും മികച്ച ബൈക്ക് സിറ്റികളെ തെരഞ്ഞെടുത്തപ്പോൾ 2015 ൽ കോപ്പൻഹാഗനായിരുന്നു ഒന്നാമത്. 

400 കിലോ മീറ്റർ നീളത്തിൽ ബൈക്ക് ലെയ്നുകൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ഏകദേശം 40,000 ലധികം സൈക്കിളിസ്റ്റുകൾ ഇതുവഴി ഒരോ ദിവസവും കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്.  ഏകദേശം 40% ലധികം കോപ്പൻഹാഗൻ നിവാസികളും സൈക്കിൾ ബൈക്ക് യാത്രക്കാരാണ്.

3405-1657530019-5

ഇപ്പോൾ കോപ്പൻഹാഗനിൽ നിവാസികളുടെ എണ്ണത്തേക്കാൾ കൂടുതൽ സൈക്കിളുകൾ ഉണ്ടത്രെ. 63% അംഗങ്ങളും സൈക്കിളുകളിലും ബൈക്കുകളിലുമായിട്ടാണ് പാർലമെന്റിൽ എത്തുന്നത്. 2025 ൽ ലോകത്തിലെ ആദ്യ കാർബണ്‍ ന്യൂട്രൽ തലസ്ഥാനമെന്ന ബഹുമതി നേടാനുള്ള തയ്യാറെടുപ്പിലാണ് കോപ്പൻഹാഗൻ.

കുഞ്ഞുങ്ങൾക്ക് പേരിടുന്നത് സർക്കാരാണെന്ന് കേൾക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം. പക്ഷേ, സംഗതി സത്യമാണ്. മാതാപിതാക്കൾക്ക് ഇഷ്ടമുള്ള പേര് കുഞ്ഞുങ്ങൾക്ക് ഇവിടെ ഇടാനാവില്ല. കുഞ്ഞുങ്ങൾക്ക് ഇടാനുള്ള പേരുകൾ, മുൻകൂട്ടി അംഗീകാരം ലഭിച്ച 7,000 പേരുകളുടെ ഒരു പട്ടിക സർക്കാർ കൈവശമുണ്ട്.

3405-1657529987-7

ഇതിൽ നിന്നുള്ള പേരുകൾ മാത്രമേ തെരെഞ്ഞെടുക്കാവൂ. തുടർച്ചയായി ഉപയോഗിക്കുന്ന ഏറ്റവും പഴക്കമേറിയ ദേശീയ പതാകക്കുള്ള ഗിന്നസ് റെക്കോർഡ് ഡെന്മാർക്കിന്റെ പതാകക്കാണ്. ലോകത്തില്‍ ആദ്യമായി പോണോഗ്രാഫി നിയമം മൂലം അംഗീകരിച്ചതും, പോണോ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും ഡെന്മാര്‍ക്കില്‍ ആണ്. അത് പോലെ സ്വവര്‍ഗ്ഗ രതി, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയവ ആദ്യം നിയമപരമായി അംഗീകരിച്ചതും ഡെന്മാര്‍ക്കില്‍ ആണ്.

യാത്രകൾ പകർന്നു നൽകുന്ന അനുഭവ പാഠം, ഒരു പുസ്തകത്തിനും പകർന്നു നൽകാവാനാകില്ല. അടുത്ത ദിവസം തിങ്കളാഴ്ചയാണ്. കപ്പൽ മുഴുവൻ സമയവും സെയിലിംഗിലായിരിക്കും. ഇനി ചൊവ്വാഴ്ചയെ കരക്കടുക്കൂ. തിങ്കളാഴ്ച നിങ്ങളെ ഗ്രാൻഡിയോസാ സുന്ദരികപ്പലിന്റെ ഉൾക്കാഴ്ചകൾ കൂടുതൽ കാണിച്ചു തരാം. തിങ്കളാഴ്ചയുടെ നല്ല കാഴ്ചകളുമായി വീണ്ടും വരാം
A cruise to Norway - 2


RELATED

English Summary : A Cruise To Norway 2 in Travel/places

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0170 seconds.