main

നോർവേയിലേക്കൊരു കപ്പൽ യാത്ര 5

വെബ് ടീം | | 3 minutes Read

3468-1658736861-img-20220725-wa0011

ടോം കുളങ്ങര

സന്ധ്യ മയങ്ങിയാൽ തിര മുറിച്ച് മറുതീരം തേടി കപ്പലോടും. ആടിപ്പാടി തളർന്ന് അവശരായി ഞങ്ങൾ വന്നു കിടക്കുമ്പോൾ കടലമ്മ തന്റെ തിരകളാകുന്ന കൈകൾകൊണ്ട് ഞങ്ങളെയാട്ടും.

സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം. ബന്ധുരേ രാഗബന്ധുരേ.. നീ എന്തിനീ വഴി വന്നു. എനിക്കെന്തു നൽകാൻ വന്നു. എന്ന പാട്ട് കേട്ടിട്ടാണോ എന്നറിയില്ല സന്ധ്യ മയങ്ങിയാൽ തിര മുറിച്ച് മറുതീരം തേടി കപ്പലോടും. ആടിപ്പാടി തളർന്ന് അവശരായി ഞങ്ങൾ വന്നു കിടക്കുമ്പോൾ കടലമ്മ തന്റെ തിരകളാകുന്ന കൈകൾകൊണ്ട് ഞങ്ങളെ താരാട്ടി ഉറക്കും.

3468-1658736648-img-20220725-wa0012

പതിവുപോലെ ചൊവ്വാഴ്ച വൈകിട്ട് ഞങ്ങളുടെ കപ്പൽ ആലെസുണ്ട് തുറമുഖം വിട്ടു. രാത്രി യാത്ര. പകൽ കിടപ്പ് ഇതാണ് കപ്പലിന്റെ ഒരു രീതി. ഞങ്ങളുടെ അടുത്ത ലക്ഷ്യം ഗൈരാങ്ങർ ഫിയോഡാണ്. മഞ്ഞുമൂടിയ പർവതശിഖരങ്ങളും, വന്യമായ വെള്ളച്ചാട്ടങ്ങളും, പച്ചപ്പ് നിറഞ്ഞ സസ്യജാലങ്ങളും ഉള്ള ഈ പ്രദേശം 2005 ലാണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഗൈരാങ്ങർ ഫിയോഡ് നോർവേയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

3468-1658736676-img-20220725-wa0013

സെവൻ സിസ്‌റ്റേഴ്‌സ് ഫാൾസ്, ദി സ്യൂട്ടർ എന്നിവയാണ് ഗൈരാങ്ങർ ഫിയോഡിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് വെള്ളച്ചാട്ടങ്ങൾ. ഇരുവരും ഫിയോഡിന് കുറുകെ മുഖാമുഖം വന്നു വീഴുന്നു, ഈ സ്യൂട്ടർ ചാട്ടം എതിർവശത്തുള്ള ചാട്ടക്കാരികളെ വളയ്ക്കാൻ നോക്കുന്നതായി നോർവേ നാടോടിക്കഥളിൽ പറയപ്പെടുന്നു.

ദൂരെ നിന്ന് നോക്കിയാൽ വെള്ളച്ചാട്ടത്തിന് ഏഴ് സ്ത്രീകളുടെ മുടിയോട് സാമ്യം തോന്നും. അതുകൊണ്ടാണത്രേ സെവൻ സിസ്റ്റേഴ്സ് എന്ന പേര് കിട്ടിയത്. ഗൈരാങ്ങറിലെ മറ്റൊരു വെള്ളച്ചാട്ടമാണ് ബ്രൈഡൽ വെയിൽ, ഇത് പാറകൾക്ക് അരികിൽ പതിക്കുമ്പോൾ പാറകൾക്ക് മുകളിൽ നേർത്ത മൂടുപടം പോലെ കാണപ്പെടുന്നു. അതുകൊണ്ടാണ് അതിന് ബ്രൈഡൽ വെയിൽ എന്ന പേര് കിട്ടിയത്.

3468-1658736709-img-20220725-wa0014

എന്തായാലും പേരും സംഭവങ്ങളും കൊള്ളാം. മഞ്ഞ് ഉരുകുമ്പോഴാണ് വെള്ളച്ചാട്ടങ്ങൾ ഏറ്റവും ഗാംഭീര്യമുണ്ടാകുന്നത്. മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

അമ്പരപ്പിക്കുന്ന ലാൻഡ്സ്കേപ്പും, അതുല്യമായ കാലാവസ്ഥയും, ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും ഗൈരാങ്ങറിനെ ഭൂമിയിലെ ഏറ്റവും മനോഹരവും വ്യതിരിക്തവുമായ ഫിയോഡ് പ്രദേശങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

3468-1658736751-img-20220725-wa0003

പർവ്വതങ്ങൾ, തടാകങ്ങൾ, നദികൾ പുൽമേടുകൾ, വെള്ളച്ചാട്ടങ്ങൾ, ഇവയെല്ലാം നോർവേയെ ടൂറിസ്റ്റുകളുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നാക്കി മാറ്റുന്നു. 12 ദിവസം നീളുന്ന ഒരു കപ്പൽ യാത്രയിലൂടെ ആ രാജ്യത്തെ ഒട്ടുമിക്ക കാഴ്ചകളും ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാം.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇനി അല്പം നോർവേക്കാര്യം

ചതി, വഞ്ചന, കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞ രാജ്യം. നമ്മൾ മലയാളികൾ സ്വപ്നം കാണുന്ന മാവേലി നാട് പോലൊരു നാട്. നോർവേ എങ്ങനെ ഇങ്ങനെയായി എന്ന് ചോദിച്ചാൽ ഐക്യത്തിലും, സാഹോദര്യത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ജനത, വികസനത്തിന് ഇന്ധനമായി മാറിയ എണ്ണ വാതക ശേഖരം. ഇവയാണെന്ന് പറയാം.

3468-1658736776-img-20220725-wa0005

1959 ലാണ് നോർവേയിൽ ആദ്യമായി എണ്ണശേഖരം കണ്ടെത്തുന്നത്. അത് നോർവേയുടെ തലവര തന്നെ മാറ്റി എഴുതി. എണ്ണ ഉല്പാദനത്തിൽ ലോകത്ത് ഏഴാം സ്ഥാനവും, ഗ്യാസ് ഉത്പാദനത്തിൽ മൂന്നാം സ്ഥാനവും നോർവേയ്ക്കാണ്. റഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള യൂറോപ്യൻ രാജ്യമായ നോർവേയെ വേണമെങ്കിൽ യൂറോപ്പിന്റെ ഗൾഫ് എന്നും വിളിക്കാം.

വിവിധ രാജ്യങ്ങളിലായി നോർവേയ്ക്ക് 94 എണ്ണപ്പാടങ്ങളുണ്ട് അതിൽ നിന്നും പ്രതിദിനം 1.7 മില്യൺ ബാരൽ എണ്ണ ഉല്പാദിപ്പിക്കുന്നു. GDP യുടെ നാലിലൊന്ന് വരുമാനവും നേടുന്നത് ഈ വഴിക്കാണ്.

3468-1658736809-img-20220725-wa0006

വളക്കൂറില്ലാത്ത മണ്ണായതുകൊണ്ട് കൃഷി വളരെ കുറവാണ്. എണ്ണ വാതക വരുമാനം കഴിഞ്ഞാൽ പിന്നെ ടൂറിസം, മത്സ്യകയറ്റുമതി എന്നിവയിലൂടെയാണ് വരുമാനം നേടുന്നത്. സാൽമൺ മത്സ്യമാണ് ഏറ്റവും കൂടുതൽ കയറ്റി അയക്കുന്ന മത്സ്യം. അത് വാങ്ങി തിന്നുന്നതിൽ മുൻപിൽ ജപ്പാനാണ്.

സോവറിൻ വെൽത്ത് ഫണ്ട് എന്ന നോർവേയുടെ സ്ഥിര നിക്ഷേപഫണ്ട് 1.33 ലക്ഷം കോടി കവിഞ്ഞു. ഇത് ലോകത്തിലെ നിക്ഷേപ ഫണ്ടുകളിൽ തന്നെ ഒന്നാമത്തേതാണ്. 1990 ൽ ആരംഭിച്ച ഈ ഫണ്ട് അനുസരിച്ച് ശരാശരി 2.5 ലക്ഷം ഡോളർ ഒരോ നോർവേക്കാരനും നീക്കിയിരിപ്പ് ഉണ്ടെന്നാണ് കണക്ക്.

ഇപ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നുന്നത്, കേരളത്തിൽ ജനിച്ച സമയത്ത് വല്ല നോർവേയിലും ജനിച്ചിരുന്നെങ്കിൽ എന്നല്ലേ.

നോർവേയുടെ വേറെ ചില പ്രത്യേകതളെപ്പറ്റി പറഞ്ഞാൽ രസമാണ്. കേണൽ ഇൻ ചീഫ് ഓഫ് നോർവീജിയൻ കിംഗ്സ് ഗാർഡ് ആരാണെന്ന് അറിയാമോ? അത് ഒരു സ്കോട്ടിഷ് പെൻഗ്വിൻ ആണ്.

3468-1658736834-img-20220725-wa0008

ഈ നോർവേക്കാര് വളരെ നന്ദിയുള്ളവരാണ്. ഇവരെ രണ്ടാം ലോകമഹായുദ്ധകാലത്ത് സഹായിച്ചതിനുള്ള പ്രത്യുപകാരമായിട്ട് ഓരോ വർഷവും ക്രിസ്തുമസ്സിന് ബ്രിട്ടണ് ഒരു ക്രിസ്മസ്സ് ട്രീ സമ്മാനിക്കുന്ന പതിവ് ഇന്നും തുടരുന്നു.

ഈ വിദ്വാൻമാർ 260 മീറ്റർ ആഴത്തിൽ കടലിന് അടിയിലൂടെ 24.5 കിലോമീറ്റർ ദൈർഘ്യത്തിൽ ഒരു തുരങ്ക പാത ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള തുരങ്കപാതയാണിത്.

ഇപ്പോൾ അവർ കടലിൻ അടിയിലൂടെ ഒരു മല തന്നെ തുരന്നുകൊണ്ടിരിക്കുകയാണ് 1.7 കിലോമീറ്റർ നീളമുള്ള ആ ടണലിന്റെ പണി ഏതാണ്ട് പൂർത്തിയാകാറായി. ഇന്ന് ഇതു മതി. കൂടുതൽ യാത്രാ വിശേഷങ്ങളുമായി വീണ്ടും വരാം.


RELATED

English Summary : A Cruise To Norway 5 in Travel/places

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0179 seconds.