main

ജർമ്മനിയിലെ ആദ്യ നാസി തടങ്കൽ പാളയം

ടോം കുളങ്ങര | | 6 minutes Read

3944-1676229585-img-20230212-wa0024

ഒത്തിരിയൊത്തിരി യാത്രകൾ ഞങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു യാത്രയല്ല ഈ യാത്ര. ഈ യാത്രാ വിവരണത്തിൽ അനുവാചകന്റെ മനസ്സിന് സന്തോഷം നൽകുന്ന ഒന്നും തന്നെയില്ല. അനേകം ജീവനുകൾ പൊലിഞ്ഞ ആ മണ്ണിലൂടെ, ലോകജനത മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലൂടെ, ഈ ലോകം കണ്ട അതിശക്തനും, ക്രൂരനുമായ സ്വേച്ഛാധിപതി ഹിറ്റലറുടെ കാലത്ത് നിർമ്മിച്ച ജർമ്മനിയിലെ ആദ്യ Concentration Camp ലൂടെയാണ് ഞങ്ങളുടെ ഈ യാത്ര. അതുകൊണ്ട് ഈ വിവരണം തികച്ചും വ്യത്യസ്തവും വേദനാജനകവുമായിരിക്കും.

ഞങ്ങളുടെ മ്യൂണിക്ക് സന്ദർശത്തിന്റെ പ്രധാന ഉദ്ദേശം തന്നെ Dachau Concentration camp സന്ദർശിക്കുക എന്നതായിരുന്നു. Dachau തടങ്കൽ പാളയത്തിലേക്ക് ഞങ്ങൾ താമസിക്കുന്ന ഹോട്ടിൽ നിന്ന് ഏകദേശം 45 മിനിറ്റ് യാത്രയുണ്ട്. പ്രാതൽ കഴിഞ്ഞയുടനെ ട്രാമിനിലും, ബസ്സിലുമായി 9 മണിക്ക് മുമ്പേ ഞങ്ങൾ തടങ്കൽ പാളയത്തിൽ എത്തി. 9 മണി മുതൽ 5 മണി വരെയാണ് സന്ദർശന സമയം. പ്രധാന ക്യാമ്പിന്റെ കോമ്പൗണ്ട് കവാടം തുറക്കാനായി അല്പനേരം കൂടിയുണ്ട്. ആ സമയം പുറത്തുളള കോമ്പൗണ്ടിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തി. പ്രവേശനം സൗജന്യമാണ്. ക്യാമ്പിന്റെ വിവരണങ്ങൾ അടങ്ങിയ ഹെഡ് സെറ്റോ, ഗൈഡോ വേണമെങ്കിൽ അതിന് പ്രത്യേകം ചാർജ്ജ് ഈടാക്കും.

3944-1676230543-img2

ഹെഡ് സെറ്റിലൂടെ വിവരണങ്ങൾ ശ്രവിച്ചുകൊണ്ട്, വംശീയ ക്രൂരതയുടെ അവശേഷിക്കുന്ന ഓർമ്മകളിലൂടെ ഞങ്ങൾ പ്രയാണം ആരംഭിച്ചു. ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽ മഴയും മഴമേഘങ്ങളും ചേർന്ന് ആ പ്രദേശമാകെ മൂടികെട്ടി നിൽക്കുന്നു. ശ്മശാന മൂകത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിന് കൂട്ടായി ജനുവരിയിലെ മാമരം കോച്ചുന്ന തണുപ്പും, ആത്മാക്കളുടെ രോദനം പോലെ മുരളുന്ന കാറ്റും. അതിരാവിലെ ആയതുകൊണ്ടാവാം ഞങ്ങളെ കൂടാതെ വിരലിലെണ്ണാവുന്ന സന്ദർശകർ മാത്രം.

ഈ മണ്ണിലൂടെ ഒഴുകേണ്ടി വന്നതിന്റെ ശാപവും പേറി ശാന്തമായി ഒഴുകുന്ന ഒരു കൊച്ചരുവി. അതിന് കുറുകെ കടന്നാൽ പ്രവേശന കവാടമായി. കൂറ്റൻ ഇരുമ്പുഗേറ്റിൽ Arbeit macht frei എന്ന് എഴുതിയിരിക്കുന്നു. ഈ ജർമ്മൻ വാക്കിന്റെ അർത്ഥം അദ്ധ്വാനം നിങ്ങളെ സ്വതന്ത്രമാക്കും എന്നാണ്. നിരപരാധികളായ ലക്ഷകണക്കിന് സാധു മനുഷ്യരെ, കഠിന പണികൾക്കും, ക്രൂരപീഡന ങ്ങൾക്കുമായി ട്രക്കിലും ട്രെയിനിലുമായി ഈ കവാടത്തിലൂടെയാണ് കൊണ്ടുവന്ന് തള്ളിയത്.

കവാടം കടന്ന് അകത്തേക്ക് പ്രവേശിച്ചാൽ വിശാലമായ മൈതാനമാണ്. മനുഷ്യൻ മൃഗങ്ങളെക്കാളും മൃഗീയമായി മനുഷ്യനോട് കാട്ടിയ ക്രൂരവിനോദങ്ങൾക്ക് മൂകസാക്ഷിയാവാൻ വിധിക്കപ്പെട്ട മൈതാനം. അനേകം നിരപരാധികളുടെ ചോര വീണു കുതിർന്ന മണ്ണ്. അതിരാവിലെ അഞ്ച് മണി മുതൽ ആരംഭിക്കുന്ന തലയെണ്ണൽ പരേഡ്. എത്ര പ്രതികൂല കാലാവസ്ഥയാണെങ്കിലും തടവുകാർ കൃത്യ സമയത്ത് തന്നെ വന്നു വരിവരിയായി നിൽക്കണം.

3944-1676230541-img1

വൈകുന്നേരങ്ങളിലും ഈ പരേഡ് ആവർത്തിക്കും. മണിക്കൂറുകൾ നീളുന്ന ഈ പരേഡിൽ രോഗികളേയും അവശരേയും ഒഴിവാക്കിയിരുന്നില്ല. ദീർഘനേരം നടത്തിയിരുന്ന ആ പരേഡിനിടയൽ പലരും കുഴഞ്ഞ് വീണ് മരിക്കുന്നത് പതിവായിരുന്നു. തൊട്ടടുത്ത് നിൽക്കുന്ന സഹജീവി തളർന്ന് വീണ് മരിക്കുമ്പോൾ ഒരിറ്റ് വെള്ളം കൊടുക്കുവനോ, ഒന്ന് സഹായിക്കുവാനോ, പോലും കഴിയാതെ, നിസ്സഹായതയോടെ തിരിഞ്ഞ് നിൽക്കേണ്ട അവസ്ഥ. ആരെങ്കിലും സഹായിക്കുവാൻ ശ്രമിച്ചാലോ? അവർക്ക് പ്രത്യേക ശിക്ഷ നൽകിയിരുന്നു. അങ്ങനെ ഈ മൈതാനത്ത് എത്രമാത്രം തടവുകാരാണ് അത്തരത്തിൽ തളർന്ന് വീണ് പിടഞ്ഞ് മരിച്ചിട്ടുണ്ടാകുക.

1937 - 38 ലാണ് ഇവിടെത്തെ തടവുകാരെകൊണ്ട് ഇവിടത്തെ maintenance building നിർമ്മിക്കുന്നത്. ഇപ്പോൾ ആ കെട്ടിടം എക്സിബിഷൻ ഹാളാണ്. അക്കാലത്തെ നിരവധി കാര്യങ്ങൾ ഈ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പല രാജ്യങ്ങളിൽ നിന്നായി പിടിച്ചുകൊണ്ട് വന്ന തടവുകാരുടെ ഫോട്ടോകളും, വിവരണങ്ങളും, അവർ ഉപയോഗിച്ചിരുന്ന അവരുടെ ചില സ്വകാര്യവസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്നു. പുതിയതായി പിടിച്ചുകൊണ്ട് വരുന്ന തടവുകാരുടെ വിവരങ്ങൾ രേഖപ്പെടുത്തി, കുളിപ്പിച്ച് അണു വിമുക്തരാക്കിയശേഷം ജയിൽ യൂണിഫോം നൽകിയിരുന്നതും, ഈ കെട്ടിടത്തിൽ വച്ചായിരുന്നു.

സന്ദർശകർക്കായി ജയിൽ വിമോചിതരാക്കപ്പെട്ട തടവുകാരുടെ വിവരണങ്ങൾ അടങ്ങിയ ഒരു സിനിമാ പ്രദർശനം ഇവിടെ നടത്തുന്നുണ്ട്. ഈ എക്സിബിഷൻ ഹാളിലൂടെ നടന്നാൽ നാസിപ്പട്ടാളത്തിന്റെ അതിക്രൂര വിനോദ പീഡന പരമ്പരകളുടെ നേർകാഴ്ചകൾ കാണാം. വിവരിക്കാനാവാത്ത വിധം വേദനാജനകമായ ഈ കാഴ്ചകൾ സാധാരണക്കാർക്ക് അധികനേരം കണ്ടു നിൽക്കുവാനാവില്ല. ഇതൊക്കെ ഈ ഭൂലോകത്ത് അരങ്ങേറിയിട്ട് അത്രയധികം നാളൊന്നും ആയിട്ടില്ല, എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. കേവലം എൺപത് എൺപത്തിയഞ്ച് വർഷങ്ങൾ മാത്രം.

3944-1676230545-img3

1933 മാർച്ച് 22 നാണ് Dachau വിൽ ഒരു തടങ്കൽ പാളയം നിർമ്മിക്കുവാൻ ഹിറ്റ്ലർ ഉത്തരവിടുന്നത്. അങ്ങനെ ആ വർഷം തന്നെ ജർമ്മനിയിലെ ആദ്യ Concentration Camp പ്രവർത്തനം ആരംഭിച്ചു. ഇതുപോലെ നൂറുകണക്കിന് ക്യാമ്പുകൾ പല രാജ്യങ്ങളിലും പ്രവർത്തിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 1933 നും 1945 നും ഇടയിൽ രണ്ടു ലക്ഷത്തിലധികം തടവുകാരെ ഈ ക്യാമ്പിൽ കൊണ്ടു വന്ന് പാർപ്പിച്ചിട്ടുള്ളതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

എന്താണ് തങ്ങൾ ചെയ്ത കുറ്റം എന്നുപോലും അറിയാതെ, വിചാരണകളൊന്നുമില്ലാതെ, ചുമ്മാ തടവിൽ പാർപ്പിച്ച്, അതികഠിന ജോലികൾക്കും കൊടിയ പീഡനങ്ങൾക്കും, ഇരയാക്കിയ ഹതഭാഗ്യരായ തടവുകാർ. അവരെ താമസിപ്പിക്കുന്ന സ്ഥലത്തിന്റെ പേരാണ് ബാരക്കുകൾ. ഇവിടെ മൊത്തം 34 ബാരക്കുകളാണ് ഉണ്ടായിരുന്നത്. 1965 ൽ പഴയ മാതൃകയിൽ പുതുക്കി പണിത രണ്ട് ബാരക്കുകളാണ് ഇന്ന് ഇവിടെ നമുക്ക് കാണുവാൻ സാധിക്കുക. ആയിരം പേരെ മാത്രം പാർപ്പിക്കാവുന്ന ഈ ബാരക്കുകളിൽ രണ്ടാം ലോക മഹായുദ്ധം കൊടുംപിരികൊണ്ടപ്പോൾ രണ്ടായിരത്തിലധികം തടവുകാരെ കൊണ്ട് വന്ന് കുത്തി നിറച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അടുത്ത സുര്യോദയം മരണത്തിലേയ്ക്കോ അതോ ജീവിതത്തിലേക്കോ എന്നറിയാൻ പോലും അറിയാതെ ആ പാവങ്ങൾ തിങ്ങി ഞെരുങ്ങി കിടന്ന് ഉറങ്ങിയ കട്ടിലുകൾ, അവരൊക്കെ എങ്ങനെയാണ് മനസമാധാനത്തോടെ ഇവിടെ കിടന്ന് ഒരു പോള കണ്ണ് അടച്ചിട്ടുണ്ടാവുക? ഒരു മറപോലും ഇല്ലാതെ നിരനിരയായി സ്ഥാപിച്ചിരിക്കുന്ന കക്കൂസുകൾ, മൃഗങ്ങൾക്ക് കൊടുക്കുന്ന പോലെ, വെള്ളം കോരി കുടിക്കാനുള്ള വലിയ വാഷ് ടബ്ബുകൾ, നാസിപട്ടാളത്തിന്റെ ക്രൂരമായ പെരുമാറ്റത്തേയും, ഭീകരമായ തടങ്കലിനെയും, നിരന്തരം ഭയന്നാണ് തടവുകാർ ഇവിടെ കഴിഞ്ഞിരുന്നത്. സ്റ്റാൻഡിംഗ് സെല്ലുകൾ, ചാട്ടവാറടികൾ, മരത്തിലും തൂണിലും തൂക്കിയിട്ട് കൊല്ലുക തുടങ്ങിയ അതി പ്രാകൃത രീതികളായിരുന്നു ഇവിടെ അവലംബിച്ചിരുന്നത്.

3944-1676230547-img4

എങ്ങനെയൊക്കെ തടവുകാരെ അതി ക്രൂരമായി വേദനിപ്പിച്ച് കൊല്ലാമെന്ന ഗവേഷണ പരീക്ഷണങ്ങൾക്ക് പേരുകേട്ട പാളയമായിരുന്നു ഈ തടങ്കൽ പാളയം. ഭക്ഷ്യക്ഷാമുള്ള കാലമായതുകൊണ്ട് ഭക്ഷണം ലാഭിക്കുവാൻ വേണ്ടി എത്രയും വേഗം എത്രത്തോളം തടവുകാരെ കൊന്ന് തള്ളാം എന്നതായിരുന്നു നാസികളുടെ ചിന്ത.

അനസ്തേഷ്യ പോലും നൽകാതെ മരങ്ങൾ ബഡ് ചെയ്യുന്ന മാതിരി ജീവനുള്ള മനുഷ്യന്റെ അവയവങ്ങൾ, നിർദാക്ഷിണ്യം അറുത്തെടുത്ത്, മുറിച്ച് മാറ്റിയ മറ്റൊരാളുടെ അവയവത്തിൽ ജീവനോടെ തുന്നിച്ചേർത്തു കൊണ്ടുള്ള പരീക്ഷണങ്ങൾ, ജീവനുള്ള മനുഷ്യന്റെ തലച്ചോറ് വെട്ടി പിളർന്നുള്ള പരീക്ഷണങ്ങൾ, യുദ്ധത്തിൽ മാരകമായ പരിക്കേറ്റാൽ ഒരു മനുഷ്യൻ എത്ര നേരം ജീവിച്ചിരിക്കും, എത്ര ശതമാനം വരെ പൊള്ളലേറ്റാൽ ജീവൻ തിരിച്ചു പിടിക്കാം, ഇത്തരത്തിലുള്ള വിചിത്ര പരീക്ഷണങ്ങൾക്കുള്ള വസ്തുക്കൾ കൂടിയായിരുന്നു, നാസിപ്പടയ്ക്ക് പാവം തടവുകാർ. പണിയെടുക്കുവാൻ കൊള്ളാത്ത വൃദ്ധരേയും, രോഗികളേയും, കുട്ടികളേയും തൽക്ഷണം ഗ്യാസ് ചേമ്പറിലിട്ടോ, ചുട്ടു കരിച്ചോ, മറ്റെന്തെങ്കിലും വിധേനയോ എത്രയും പെട്ടെന്ന് കൊന്നുകളയുക എന്നതായിരുന്നു പതിവ്. Dachau ക്യാമ്പിൽ 32,000 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൂടാതെ ആയിരക്കണക്കിന് രേഖകളില്ലാത്ത മരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

ഒരുപാട് പേര് തടവ് ചാടാൻ തുടങ്ങിയതോടെ 1937 ൽ ഏഴ് വാച്ച് ടവറുകളും, പെരിമീറ്റർ ഫെൻസും ഇവിടെ സ്ഥാപിച്ചു. നിരോധിത മേഖലയിലേക്ക് അതിക്രമിച്ച് കടക്കുന്നവരെ തൽക്ഷണം വെടിവച്ച് കൊല്ലുമായിരുന്നു. തടങ്കൽ പാളയത്തിനുള്ളിലെ കഠിന ശിക്ഷകൾ സഹിച്ച് ശിഷ്ടകാലം നരകിച്ച് ജീവിക്കുന്നതിലും ഭേദം പെട്ടെന്നുള്ള മരണമാണെന്ന് കരുതിയ ചില തടവുകാർ നിരോധിത മേഖലയിലേക്ക് മരണം വരിക്കാനായി ഓടിയിരുന്നു. ഇത്ര മാത്രം ദുരിതങ്ങൾ അനുഭവിക്കുവാൻ ആ സാധുക്കൾ എന്ത് കുറ്റമാണ് ചെയ്തത്? ഇവിടെ നിന്ന് തങ്ങളെ രക്ഷിക്കുവാൻ ആരെങ്കിലുമൊക്കെ ഉടനെ വരില്ലേ എന്നൊക്കെ ആ പാവങ്ങൾ അവസാന ശ്വാസം വരെ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ?

ഒരു കാലത്ത് രാപകലില്ലാതെ മനുഷ്യ ഗന്ധവുമായി കറുത്ത പുക കുമുകുമെ തള്ളിയിരുന്ന പുകക്കുഴൽ അകലെ നിന്ന് തന്നെ കാണാം. മനുഷ്യരെ പുഴക്കളെപ്പോലെ കൊന്നു തള്ളി ചുട്ടുകരിച്ച ക്രിമറ്റോറിയം. ചത്ത മനസ്സുമായാണ് ആ ശവപ്പറമ്പിലേയ്ക്ക് ഞങ്ങൾ കാലെടുത്ത് വച്ചത്. ഇവിടത്തെ ഗ്യാസ് ചേമ്പറിനെ നാസികൾ വിളിച്ചിരുന്നത് ഷവർ റൂം എന്നാണ്. തടവുകാരെ കുളിക്കാനാണെന്നും പറഞ്ഞാണ് ഇങ്ങോട്ട് കൊണ്ടു വന്നിരുന്നത്. ഒരു മുറിയിൽ തടവുകാരെ കുത്തിനിറച്ച് വാതിൽ അടച്ചതിനു ശേഷം വിഷവാതകം തുറന്ന് വിടുന്നു. ഒരല്പം പ്രാണവായുവിനായി അലറി വിളിച്ച് പിടഞ്ഞ് വീണ് മരിക്കുന്ന മനുഷ്യരുടെ ചേഷ്ടകൾ ചില്ലു ജാലകത്തിലൂടെ നോക്കി രസിക്കുന്നത് നരാധമൻമാരായ നാസികളുടെ ക്രൂര വിനോദങ്ങളിലൊന്നായിരുന്നു.

3944-1676230548-img5

മരിച്ചവരുടെ ജഡങ്ങൾ മാറ്റുന്നതും കത്തിക്കുന്നതും, ആ മുറി ക്ലീൻ ചെയ്യുന്നതും അടുത്ത ബാച്ചിൽ മരിക്കുവാൻ തയ്യാറാക്കി നിർത്തിയിരിക്കുന്ന തടവുകാരുടെ ജോലിയായിരുന്നു. ഇവിടം ഇപ്പോൾ കാണുമ്പോൾ പോലും അസ്ഥികൾ നുറുങ്ങുന്ന വേദന അനുഭവപ്പെട്ടുന്നു. അപ്പോൾ അന്ന് നേരിട്ട് ഇത്തരം ക്രൂരത പീഡനങ്ങൾ അനുഭവിച്ചവരുടെ മാനസീക സംഘർഷങ്ങളും വേദനയും ഒരു നിമിഷമൊന്ന് ഓർത്തു നോക്കൂ.

മരണത്തിന്റെ മണവും, തണുപ്പും തളം കെട്ടി നിൽക്കുന്ന ആ മുറികളിലൂടെയുള്ള നടപ്പ് ഹൃദയഭേദകമാണ്. ഉയർന്ന മേൽക്കൂരയിൽ നിരനിരയായി മനുഷ്യരെ തൂക്കി കൊല്ലുന്നതിനായി കൊളുത്തി ഇട്ടിരിക്കുന്ന കപ്പികൾ, കുന്നു കൂടിയ ജഡങ്ങൾ കത്തിക്കാനുള്ള പ്രത്യേക അടുപ്പുകൾ. ഈ അടുപ്പുകൾ നിരവധി മരണങ്ങളുടെ തെളിവുകൾ മറച്ചുവെക്കുന്നുണ്ട്. നിഷ്ഠൂരമായ കൂട്ടക്കൊലകൾക്കായി നാസികൾ ശാസ്ത്രീയമായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ കണ്ടാൽ ഞെട്ടിപ്പോകും. പേരറിയാത്ത ആയിരക്കണക്കിന് ആളുകൾ എരിഞ്ഞടങ്ങിയ ക്രിമറ്റോറിയത്തിന്റെ പറമ്പിലൂടെ ഒറ്റയ്ക്ക് കുറച്ച് നേരം നടന്നപ്പോൾ നൂറായിരം നൊമ്പര ദൃശ്യങ്ങൾ മനസ്സിലൂടെ മിന്നി മറഞ്ഞു.

1945 ഏപ്രിൽ 29 ന് യുഎസ് സേന മോചിപ്പിച്ച ഇവിടുത്തെ 30,000 തടവുകാരിൽ ഏകദേശം 10,000 പേരോളം മോചിപ്പിക്കപ്പെടുന്ന സമയത്ത് രോഗികളായിരുന്നു. അതിജീവിച്ചവരുടെ നിർബന്ധത്തിന് വഴങ്ങി ഇവിടെ വിവിധ സ്മാരകങ്ങളും ശിലകളും നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സിലിണ്ടർ ആകൃതിയിലുള്ള നിർമ്മിതി, ഈ തടങ്കൽപാളയത്തിൽ വച്ച് മരിച്ചവർക്കുള്ള സ്മാരകമാണ്. ഈ ടവറിന്റെ മുകളിൽ കാണുന്ന മുൾകിരീടം ക്രിസ്തുവിലൂടെ അടിമത്തത്തിൽ നിന്നുള്ള മോചനത്തിന്റെ പ്രതീകമായിട്ടാണ് കരുതപ്പെടുന്നത്.

ഇവിടെ തടവിലാക്കപ്പെട്ടവരെ അനുസ്മരിക്കുവാനും, ഭീകരതയ്ക്കും, സ്വേച്ഛാധിപത്യത്തിനും എതിരെ പോരാടാനും ഒരോ സന്ദർശകനേയും ഓർമ്മപ്പെടുത്തുന്ന വാക്കുകളാണ് Maintenance building ന് മുന്നിലുള്ള മതിൽ എഴുതി വച്ചിരിക്കുന്നത്. ഏതോ അജ്ഞാത തടവുകാരന്റെ ശവകല്ലറയ്ക്ക് അരികെയുള്ള ഭിത്തിയിൽ Nie Wieder, Never Again എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ആലേഖനം ചെയ്തിരിക്കുന്നതും നമുക്കോരുത്തർക്കും ഉള്ള ഓർമ്മപ്പെടുത്തലുകാളെന്ന് തോന്നി.

അധികാര കൊതി മൂത്ത് വംശീയ വിദ്വേഷവും രാഷ്ട്രീയമതാന്ധതയും പരത്തി ഒരു പ്രത്യേക മതവിഭാഗത്തേയും, രാഷ്ട്രീയ എതിരാളികളേയും അറുംകൊലകൾ നടത്തിയ ആ ചോരയിൽ കുതിർന്ന മണ്ണിൽ നിന്നും തിരിച്ചു നടക്കുമ്പോൾ മനസ്സാകെ വല്ലാത്തൊരു Haunting Feel ആയിരുന്നു. ജർമ്മനിയും ജർമ്മൻ ജനതയും ഇനി എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചാലും അവരുടെ ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി ഇത്തരം ക്യാമ്പുകൾ അവശേഷിക്കും. ഇനി ഇത്തരം ഉണങ്ങാത്ത മുറിവുകൾ ഈ ലോകത്ത് ഉണ്ടാവല്ലേ എന്ന പ്രാർത്ഥനയോടെ, കുനിഞ്ഞ ശിരസ്സുമായി മരിച്ച ആത്മാക്കളോട് വിട ചൊല്ലി മടങ്ങും നേരം, കൊലചെയ്യപ്പെട്ട പൂർവ്വികരുടെ ആത്മാക്കളുടെ ഒരിക്കലും പറഞ്ഞാൽ തീരാത്ത പരിദേവനവുമായി കാറ്റ് അലറി വീശുന്നുണ്ടായിരുന്നു.


RELATED

English Summary : News in Travel/places

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0105 seconds.